ഒറ്റ നോട്ടത്തില്‍

                  കൊല്ലം താലൂക്കിലെ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്തിന്‍റെ വിസ്തൃതി 13.7 ച.കി.മീറ്ററും ജനസംഖ്യ പതിനായിരത്തിൽ താഴെ മാത്രവുമാണ്. ധാരാളം ചെറുതോടുകളാലും ജലാശയങ്ങളാലും സമൃദ്ധമായ  ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗങ്ങൾ മത്സ്യ കൃഷി,തെങ്ങ് കൃഷി,ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ജോലികളുമാണ്. അഷ്ടമുടി കായൽ,കല്ലടയാർ എന്നിവയുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയാണ്. കണ്ടൽച്ചെടികളുടെ സാനിധ്യം ഇവിടെ ധാരാളമായി കണ്ട് വരുന്നു.ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലേയ്ക്കും റോഡ് ഗതാഗതം സാധ്യമല്ലാത്തത് കൊണ്ട് അടിസ്ഥാന  വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് സാധിക്കുന്നില്ല. ഗ്രാമപഞ്ചായത്തില്‍ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട് കിടക്കുന്ന വാർഡുകളാണ് കിടപ്രം വടക്ക്, കിടപ്രം തെക്ക്, പെരുങ്ങാലം എന്നിവ ഗ്രാമപഞ്ചായത്തിനെ കൊല്ലം പട്ടണവുമായി ബന്ധിപ്പിക്കുന്ന പേഴുംതുരുത്ത്-പെരുമൺ പാലത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു. കൂടാതെ ഗ്രാമപഞ്ചായത്തിനെ ശാസ്താംകോട്ടയുമായി ബന്ധിപ്പിക്കുന്ന കണ്ണങ്കാട് കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിലെ തീർത്തും ഒറ്റപ്പെട്ട തുരുത്തായ പെരുങ്ങാലത്തെ മൺറോതുരുത്തുമായി ബന്ധിപ്പിക്കുന്ന കൊന്നയിൽക്കടവ് പാലത്തിന്‍റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും അതിരൂക്ഷമായ വേലിയേറ്റം ആണ് അനുഭവപ്പെടുന്നത്. അതിരൂക്ഷമായ വേലിയേറ്റം മൂലം മത്സ്യകൃഷിയും, തെങ്ങ് കൃഷിയും നടത്തി വരുന്ന കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബഹു.നിയമസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി മുഖ്യനഗരാസൂത്രകന്‍ തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാൻ പരിഷ്കരണങ്ങളോട് കൂടിയോ അല്ലാതെയോ സ്വീകരിക്കുന്നതിന് ഗസറ്റ് വിഞ്ജാപനം 21/05/2025-ൽ ചെയ്തിട്ടുണ്ട്.

              2004 ഡിസംബർ 26-ാം തീയതിയുണ്ടായ സുനാമിയെത്തുടർന്ന് ജലവിതാനത്തിന് മൂന്ന് മീറ്ററോളം മുകളിലായി സ്ഥിതി ചെയ്തിരുന്ന ഈ തുരുത്തിന്‍റെ പല ഭാഗങ്ങളും ഇന്ന് ജലവിതാനത്തിന് സമമായി താഴ്ന്നിരിക്കുന്നു.ഉയർന്ന വേലിയേറ്റ സമയങ്ങളിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്ന സ്ഥിതി വിശേഷമാണ് നിലവിൽ വടക്ക് കല്ലടയാറും തെക്ക് – പടിഞ്ഞാറ് അഷ്ടമുടിക്കായലും കിഴക്ക് വെള്ളപ്പൊക്കം നിയന്തന്ത്രിക്കുന്നതിനായി നിർമ്മിച്ച പുത്തനാറും അതിര് പങ്കിടുന്നതാണ് മൺറോതുരുത്ത്. ഈ ദ്വീപ സമൂഹം തെന്മല ഡാം നിർമ്മിക്കുന്നതിന് മുമ്പ് കല്ലടയാറിന്‍റെ എക്കൽ നിക്ഷേപ പ്രദേശം കൂടിയായിരുന്നു.ധാരാളം  തെങ്ങുകളും അനുബന്ധ കൃഷിയും ഉണ്ടായിരുന്ന ഈ പ്രദേശം ജനജീവിതത്തിന് ഏറ്റവും അനുയോജ്യമായിരുന്നു ഒരു കാലത്ത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം തുരുത്തിലെ ജനജീവിതം ദുസ്സഹമായി തീർന്നിരിക്കുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് നിർമ്മാണച്ചെലവാണ് ഈ പ്രദേശത്തുള്ളത്. ഗതാഗത സൌകര്യത്തിന്‍റെ അപര്യാപ്തതയും പ്രാദേശിക പ്രത്യകതകളായ ചതുപ്പും വെള്ളക്കെട്ടും നിലവിലുണ്ടെങ്കിലും പരമ്പരാഗത നിർമ്മാണ സാങ്കേതിക വിദ്യയിൽ നിന്നും വ്യത്യസ്തമായി മൺറോതുരുത്തിലെ പാരിസ്ഥിതിക ഘടനയ്ക്ക് അനുസൃതമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡുകളും, കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതാണ് ഉത്തമം. 

          ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളപ്പൊക്ക വേലിയേറ്റ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഇക്കാരണത്താൽ ടി പ്രദേശങ്ങളിലെ  ഭവനങ്ങൾ വളരെ വേഗം തകർന്നു പോവുകയോ വീട് പൂർണ്ണമായി താഴ്ന്നു പോവുകയോ ചെയ്യുന്നു. ടി സാഹചര്യത്തിൽ പരമ്പരാഗത പാർപ്പിട നിർമ്മാണ രീതികൾ  ഈ പ്രദേശത്ത് അപ്രായോഗികമായി കഴിഞ്ഞിരിക്കുന്നു. ഏകദേശം 200 വീടുകൾ പൂർണ്ണമായി തകർന്നു പോയിട്ടുള്ളതും, 250 -ൽ അധികം വീടുകൾ തകർച്ചയുടെ വക്കിലുമാണ്. പരിസ്ഥിതിയ്കക്ക് അനുയോജ്യമായതും തറനിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്നതും ഭാരംകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രീ-ഫാബ് നിർമ്മാണ രീതി അവലംബിച്ച് കൊണ്ടുള്ള ഭവനങ്ങൾ നിർമ്മിച്ച് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്ത് നടത്തിയെങ്കിലും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടതായി വന്നു.

           വസ്തുനികുതിയും,തൊഴില്‍ നികുതിയും, ലൈസൻസ് ഫീസും ആണ് ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന വരുമാന മാർഗ്ഗം. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തീരദേശ പരിപാലന നിയമത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ പുതിയ നിർമ്മണങ്ങൾ നടത്തുന്നതിന് അനുമതി നൽകാൻ സാധിക്കുന്നില്ല. പെർമിറ്റ് ഫീസ് ഇനത്തിൽ ലഭിക്കേണ്ട വലിയ വരുമാനം ഇതിലൂടെ ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെടുന്നു. ടൂറിസം മേഖലയിൽ നിരവധി ഹോംസ്റ്റേകളും, റിസോർട്ടുകളും, യാനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്തിന് വളരെ വിരളമായ ഫീസ് മാത്രമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. നെല്‍കൃഷിയും, തെങ്ങ് കൃഷിയും കർഷകർ  പൂര്‍ണ്ണമായി അവസാനിപ്പിച്ചു. പരമ്പരാഗത വ്യവസായങ്ങളായ കയർ നിർമ്മാണം ഉൾപ്പെടെയുള്ള എല്ലാ വ്യവസായങ്ങളും നാമാവശേഷം ആയി. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ അടിസ്ഥാന സൌകര്യം ഏർപ്പെടുത്തുന്നതിനാവശ്യമായ തനത് വരുമാനം ആർജ്ജിക്കുന്നതിന് നാൾ ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരത്തിൽ താഴെ ജനസംഖ്യയും 3248 കെട്ടിടങ്ങളും മാത്രമുള്ള പഞ്ചായത്തിൽ വലിയ വ്യവസായ സ്ഥാപനങ്ങളോ, വാണിജ്യ സമുച്ചയങ്ങളോ, സര്‍ക്കാർ/സ്വകാര്യ സ്ഥാപനങ്ങളോ ഒന്നും തന്നെ ഇല്ല. ഗ്രാമപഞ്ചായത്തിന്‍റെ ഭരണ - എസ്റ്റാബ്ലിഷ്മെന്‍റ് ചെലവുകൾ പോലും നിർവ്വഹിക്കുന്നതിനാവശ്യമായ തനത് വരുമാനം ലഭ്യമല്ല. സർക്കാർ കാലാകാലങ്ങളിൽ അനുവദിക്കുന്ന ഗ്യാപ് ഫണ്ട് വിനിയോഗിച്ചാണ് ഗ്രാമപഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവ്വഹിച്ച് വരുന്നത്.